പ്രവാസികൾ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും; യാത്ര സൗജന്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം

Expats return to India from Thursday

വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. 

മേയ് 7 മുതല്‍ ഘട്ടംഘട്ടമായിട്ടായിരിക്കും പ്രവാസികളെ തിരിച്ചെത്തിക്കുക. യു.എ.ഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും ആദ്യം എത്തിക്കുക. വിമാനത്തില്‍ കയറും മുന്‍പ് പരിശോധന നടത്തി രോഗലക്ഷണം ഇല്ലാത്തവരെ മാത്രമാവും യാത്രയ്ക്ക് അനുവദിക്കുക. യാത്രയിലുടനീളം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ പാലിക്കണം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം. 14 ദിവസം ക്വാറൻ്റീനിൽ കഴിയണം. സ്വന്തം ചെലവിലാവും ക്വാറൻ്റീനിൽ കഴിയേണ്ടത്. ക്വാറൻ്റീനിൽ കഴിയുമ്പോൾ കൊവിഡ് പരിശോധന നടത്തും. ശേഷമുളള കാര്യങ്ങള്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് തീരുമാനിക്കും.

content highlights: Expats return to India from Thursday