ലോക്ക് ഡൗണ്‍ മാർഗനിർദ്ദേശങ്ങൾ പുതുക്കി സംസ്ഥാനം; ഗ്രീൻ സോണുകളിൽ മാളുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കില്ല

New Lockdown Guidelines

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാർഗ നിര്‍ദ്ദേശം സർക്കാർ പുറത്തിറക്കി. റെഡ് സോണിലെ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. അല്ലാത്തയിടങ്ങളില്‍ ഇളവുകള്‍ നല്‍കും. മാളുകളും ബാര്‍ബര്‍ ഷോപ്പുകളും ഗ്രീന്‍ സോണുകളിലും തുറക്കില്ല. ഗ്രീന്‍ സോണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം.

ഗ്രീന്‍ സോണിലും പൊതുഗതാഗതം അനുവദിക്കുന്നതല്ല. ഗ്രീന്‍ സോണിൽ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറന്നു പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ പരമാവധി അന്‍പത് ശതമാനം ജീവനക്കാരാകാം. രണ്ട് നില അല്ലാത്ത ടെക്‌സ്റ്റൈല്‍സുകളും തുറക്കാം. ടൂവീലറിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിൻസീറ്റ് യാത്ര അനുവദിക്കില്ല. കാറുകളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേരിലധികം യാത്ര ചെയ്യരുത്. എസി പ്രവര്‍ത്തിപ്പിക്കരുത്. പാര്‍ക്ക്, ജിംനേഷ്യം, സിനിമാ തിയേറ്റർ, ആരാധനാലയം എന്നിവയും തുറന്ന് പ്രവര്‍ത്തിക്കരുത്. 

ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ പാഴ്‌സല്‍ വില്‍പ്പനയും അനുവദിക്കില്ല. മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. വിവാഹത്തിലും മരണചടങ്ങുകളിലും നിയന്ത്രണം തുടരും. 20 പേര്‍ക്ക് മാത്രമാണ് ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആവുക. 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസില്‍ താഴെയുള്ളവരും പുറത്തിറങ്ങരുത്.

പ്രവാസികള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വീട്ടിലെത്തുന്നവര്‍ ക്വാറൻ്റീനിൽ കഴിയണം. സ്വന്തം ചിലവില്‍ ഹോട്ടലുകളിലും താമസിക്കാം. ഇവിടേയും ക്വാറൻ്റീൻ നിര്‍ബന്ധമാണ്. ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ രാത്രി 7.30 വരെ ആയിരിക്കും. ആഴ്ചയിൽ ആറു ദിവസം തുറക്കാം. ഞായറാഴ്ച എല്ലാ സോണുകളിലും പൂർണമായ ലോക്ക് ഡൗണ്‍ ആയിരിക്കും.

content highlights: New Lockdown Guidelines