വയനാട് വീണ്ടും കൊവിഡ് ഭീതിയില്‍; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച മൂന്ന് കേസും വയനാട്; നെഗറ്റീവ് കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന ഡ്രൈവറുടെ അമ്മ, ഭാര്യ, ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. ഇന്ന് ആരുടേയും പരിശോധനാഫലം നെഗറ്റീവ് അല്ല. ഇപ്പോള്‍ 37 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരങ്ങള്‍ അറിയിച്ചത്.

ഇതുവരെ 502 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 37 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 21342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 33605 എണ്ണം നെഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.

സാമൂഹികവ്യാപന പരിശോധനയുടെ ഭാഗമായി മുന്‍ഗണനാപട്ടികയില്‍പ്പെട്ട 2512 സാംപിളുകള്‍ പരിശോധിച്ചതില്‍ 1979 എണ്ണം നെഗറ്റീവാണ്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്‌സ്‌പോട്ടില്‍ ഇല്ല. കണ്ണൂര്‍ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസര്‍കോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.

Content Highlight: 3 Cases reported in Wayanadu today