തിരുവനന്തപുരം: വിദേശത്ത് നിന്നും പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വരാനുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രം തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തിയാല്‍ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേര്‍ എത്തുമെന്നാണ് അറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും വിവരമുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വീസാ കാലവധി കഴിഞ്ഞവര്‍ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോള്‍ 1,69,130 പേരുണ്ട് എന്നാണ് കണ്ടത്. തിരിച്ചു വരാന്‍ നോര്‍ക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.
ഈ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല കേന്ദ്രസര്‍ക്കാരോ എംബസിയോ വിവരങ്ങള്‍ തന്നിട്ടില്ല.
Content Highlight: CM Pinarayi Vijayan announces Center takes action to bring back expats