അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി; കോണ്‍ഗ്രസിന്റെ ധനസഹായം നിരസിച്ച് ജില്ലാ കളക്ടര്‍മാര്‍

ആലപ്പുഴ/കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളേയും കൊണ്ട് ട്രെയിന്‍ പുറപ്പെടുന്നത്. 1140 തൊഴിലാളികളാണ് ഇന്ന് ബിഹാറിലേക്ക് പുറപ്പെടുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസ് വഴി റെയില്‍വെ സ്റ്റേഷനിലേക്കും അവിടെ നിന്നും ബിഹാറിലേക്കും എത്തിക്കുന്നതിന് 930 രൂപയാണ് തൊഴിലാളികളില്‍ നിന്ന് ജില്ലാഭരണകൂടം ഈടാക്കുന്നത്. കൊച്ചിയിലും ധന സഹായവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജില്ലാ കളക്ടര്‍ മടക്കി അയച്ചു.

ഈ തുക നല്‍കാന്‍ തയാറാണെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട് സര്‍ക്കാരിന്റെ അനുമതിയില്ലെന്നായിരുന്നു കളക്ടറുടെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാനാകില്ല എന്ന് കളക്ടര്‍ അറിയിച്ചതായി ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി 10 ലക്ഷം രൂപയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണ് ഇത്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ ഇതിന് തയാറാകുന്നവരെ അനുവദിക്കണമെന്നും എം.ലിജു ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവന്‍ തൊഴിലാളികളുടേയും ട്രെയിന്‍ ടിക്കറ്റ് തുക തങ്ങള്‍ വഹിക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

Content Highlight: District Collectors were not accept the donation for migrant workers from Congress party

LEAVE A REPLY

Please enter your comment!
Please enter your name here