നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതില്‍ കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ 9.30 ഓടു കൂടിയാണ് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് സംഘടിച്ചെത്തിയത്. പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് ലാത്തി വീശി ഒഴിപ്പിക്കുകയായിരുന്നു. ഇന്നലെ കോഴിക്കോട് മൂടാടിയിലും നിയന്ത്രണങ്ങൾ ലംഘിച്ച് തൊഴിലാളികള്‍ റോഡിലിറങ്ങിയിരുന്നു.
സമരം ചെയ്താല്‍ മാത്രമേ നാട്ടില്‍ പോകാന്‍ പറ്റൂ എന്ന വ്യാജ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മുന്നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ കൊടിയത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയതില്‍ അതിഥി തൊഴിലാളികള്‍ ആശങ്കയിലായിരുന്നെന്നും അതാവാം ഇത്തരത്തില്‍ സംഘടിച്ചെത്തിയതിന് കാരണമെന്നും പൊലീസ് പറയുന്നു. തുടർന്ന് പൊലീസ് കൊടിയത്തൂരിലെ ക്യാംപുകളിലെത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
തൊഴിലാളികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് കേരളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കിയത്. രണ്ടോ മൂന്നോ ദിവസത്തിനകം ആളുകള്‍ക്ക് പോകാന്‍ സാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
content highlights: migrant workers in kodiyathur protested in Public space violated lockdown restrictions








