അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായി ചെലവഴിച്ചത് 24 കോടിയെന്ന്് റെയില്‍വേ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ കുടങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്ത് എത്തിക്കുന്നതിനായി സര്‍വീസ് നടത്തിയത് 34 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍. 34 ട്രെയിനുകള്‍ക്കുമായി 24 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതെന്നാണ് കണക്ക്കൂട്ടല്‍. 24 കോടിയുടെ 15 ശതമാനം തുക സംസ്ഥാന സര്‍ക്കാരുകളും അവശേഷിക്കുന്ന 85 ശതമാനം റെയില്‍വേയുമാണ് ചെലവഴിക്കുക. ഇത് ഏകദേശം 20 കോടിയോളം വരുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇതിനിടെ വരുംദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആയിരക്കണക്കിന് അതിഥി തൊഴിലാളികളെയാണ് ഇനിയും ജന്മനാട്ടിലേക്ക് തിരികെയെത്തിക്കാനുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ നിരക്ക് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാഗ്വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്തത്. അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ട്രെയിന്‍ യാത്രാച്ചെലവ് കോണ്‍ഗ്രസ് പാര്‍ട്ടിയും സ്റ്റേറ്റ് കമ്മറ്റിയും വഹിക്കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയതും കോണ്‍ഗ്രസ് ആയിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള ചെലവിന്റെ 85 ശതമാനം തുകയും വഹിക്കുന്നത് റെയില്‍വേ ആണെന്നായിരുന്നു കേന്ദ്രസര്‍ക്കാറും ബിജെപിയും അവകാശപ്പെടുന്നത്. മെയ് ഒന്നിനാണ് അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. 1225 തൊഴിലാളികെയാണ് തെലങ്കാനയിലെ ലിംഗമ്ബള്ളി സ്റ്റേഷനില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഹാട്ടിയയിലെത്തിച്ചത്.

Content Highlight: Railway states that 24 crore spend as travel allowance of migrant workers