റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനം വരെ ആറു മാസത്തേക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി മാനവശേഷി വികസന മന്ത്രാലയം ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം.
കോവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം 40 ശതമാനംവരെ കുറയ്ക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. അടുത്ത ആറു മാസത്തേക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ സമയം കുറഞ്ഞതിനാലാണ് തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാമെന്ന വ്യവസ്ഥയെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചു അടുത്ത ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്. ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും.
Content Highlight: Covid crisis in Saudi leads to Salaries of private sector workers could be reduced by up to 40 per cent