കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലേക്ക് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ലോക്ക് ദ ഹൗസ് പദ്ധതിയുമായി ജില്ലാ ഭരണകൂടം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’ എന്നായിരിക്കും സ്റ്റിക്കര്‍.
മറ്റുള്ളവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ലക്ഷ്യം. ക്വാറന്റീന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവും ഉണ്ടാകും. പൊലീസിന്റെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ രണ്ട് തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് നടപ്പിലാക്കുക. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാര്‍ഡ് തലത്തില്‍ ചുമതല. അതിനു കീഴില്‍ ഏതാനും വീടുകള്‍ക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെ പൊലീസിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തും.
നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്റീനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തി തുടങ്ങിയത്. വിദേശമലയാളികളും ഉടന്‍ വന്നു തുടങ്ങും.
Content Highlight: Kannur District started Lock the House project for those who came from other States