കൊവിഡ്; 1,610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ

Karnataka govt announces Rs 1,610 crore package

കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ 1,610 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ. കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, പുഷ്പ ഉത്പാദകര്‍, അലക്കുകാര്‍, കൈത്തറി നെയ്ത്തുകാര്‍, ബാര്‍ബര്‍മാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, കെട്ടിടം പണിക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചതെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. സമൂഹത്തിൻ്റെ പലയിടങ്ങളിലായി തൊഴിൽ ചെയ്യുന്ന ഒരുപാട് പേർക്ക് ലോക്ക് ഡൊൺ മൂലം വലിയ പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നും അവർക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്നും സാമ്പത്തികമായി പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുഷ്പ ഉത്പാദകര്‍ക്ക് ഹെക്ടറിന് 25,000 രൂപ ആശ്വസ ധനം ലഭിക്കും. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് 5,000 രൂപ ലഭിക്കും. കെട്ടിട തൊഴിലാളികള്‍ക്ക് ആദ്യം ലഭിച്ച 2,000ത്തിന് പുറമെ 3,000 കൂടി ലഭിക്കും. 2,30,000 വരുന്ന ബാര്‍ബര്‍മാര്‍ക്കും 60,000ത്തോളം വരുന്ന അലക്കു തൊഴിലാളികള്‍ക്കും 5000 രൂപ വീതം ഒറ്റത്തവണ ആശ്വാസ ധനം നല്‍കും. കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 2,000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് വരും. സര്‍ക്കാരിൻ്റെ വലിയ വരുമാന മാര്‍ഗമായ ബെംഗളൂരുവിലടക്കം കൊവിഡ് വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 671 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. 29 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

content highlights: Karnataka govt announces Rs 1,610 crore package