രാജ്യത്തെ പൊതുഗതാഗതം ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർ കോൺഫെഡറേഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുഗതാഗത സംവിധാനം പുനഃരാരംഭിക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്ന് പറഞ്ഞ ഗഡ്കരി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യവകുപ്പ് നൽകിയ എല്ലാ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. ഗതാഗത മേഖലയിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് അറിയാമെന്നും അതിനാൽ ലണ്ടൻ പെതുഗതാഗത മാതൃക സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു.
ഇന്ത്യൻ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാനും ആഗോള വിപണിയിൽ സ്ഥാനം കണ്ടെത്താനും നിക്ഷേപകർ കൊവിഡ് പ്രതിസന്ധിയെ വലിയ അവസരമാക്കി മാറ്റണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
content highlights: Public Transport May Open Soon With Some Guidelines, Says Nitin Gadkari