മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍; രണ്ട് വിമാനങ്ങളും പുറപ്പെട്ടു

അബൂദബി: പ്രവാസികളുമായി അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍ നിന്നുള്ള വിമാനം കൊച്ചി നേടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.

കൊച്ചിയിലേക്ക് 179 പ്രവാസികളുമായെത്തുന്ന അബൂദബിയില്‍നിന്നുള്ള വിമാനമാണ് ആദ്യം പുറപ്പെട്ടത്. ഈ വിമാനം രാത്രി 10.30 ഓടെ കൊച്ചിയിലെത്തും. പിന്നീട് 177 യാത്രക്കാരുള്ള ദുബൈയില്‍നിന്നുളള വിമാനവും യാത്ര തിരിച്ചു. ഇത് 11 മണിയോടെ കരിപ്പൂരിലെത്തും. ആരോഗ്യ പരിശോധനക്ക് ശേഷമാണ് ബോര്‍ഡിങ് പാസ് നല്‍കിയത്. ഇന്ന് ഉച്ചക്കാണ് രണ്ടു വിമാനങ്ങളും യു.എ.ഇയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് എത്തുന്ന വിമാനത്തില്‍ അഞ്ച് കുട്ടികളുണ്ട്.

വിമാനത്താവളങ്ങളില്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ബോര്‍ഡിങ് പാസ് നല്‍കിയത്. ഇന്ന് ഉച്ചക്കാണ് കൊച്ചിയില്‍നിന്നും കോഴിക്കോട് നിന്നുമായി ഇരുവിമാനങ്ങളും യു.എ.ഇയിലേക്ക് പുറപ്പെട്ടത്. പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ബാഗേജുകള്‍ അണുനശീകരണം നടത്താന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹായമുള്‍പ്പെടെ വിപുലമായ സന്നാഹമാണ് ഒരുക്കിയത്.

വിമാനത്തിന് പ്രത്യേക പാര്‍ക്കിങ് ബേ, എയറോബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും. യാത്രക്കാര്‍ പുറത്തെത്തുന്ന മാര്‍ഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെര്‍മിനലിലേക്ക് പ്രവേശിക്കുമ്‌ബോള്‍ തന്നെ ടെമ്ബറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടര്‍ന്ന് ഇവരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിക്കും.

Content Highlight: Expats from UAE reached Kerala in a span of hours