13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

13 states, Union Territories report no new Covid-19 cases in the past 24 hours

കേന്ദ്ര ഭരണ പ്രദേശങ്ങളിലും 13 സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, ഗോവ, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥനങ്ങളിലും ജമ്മു കശ്മീർ, ലഡാക്ക്, ആൻഡമാൻ-നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത്. ദാമൻ-ദിയു, സിക്കിം, നാഗാലാൻഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 

രാജ്യത്തെ 180 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട്  ചെയ്തിട്ടില്ല. മറ്റ് 180 ജില്ലകളിൽ പതിമൂന്ന് ദിവസങ്ങൾക്കിടയിൽ പുതിയ കേസുകൾ വന്നിട്ടില്ല. 164 ജില്ലകളിൽ 14 മുതൽ 20 ദിവസം വരെയുള്ള കാലയളവിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 136 ജില്ലകളിൽ 21 മുതൽ 28 വരെയുള്ള കാലയളവിൽ ഒരു രോഗബാധിതൻ പോലുമില്ല.

രാജ്യത്ത് കൊവിഡ് മരണ നിരക്ക് 3.3 ശതമാനം മാത്രമാണെന്നും രോഗ മുക്തി നേടുന്നതിൻ്റെ നിരക്ക് 28.83 ആണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹർഷ വർധൻ അറിയിച്ചു. 327 പൊതുമേഖല ലാബുകളിലും 118 സ്വകാര്യ ലാബുകളിലുമായി 95,000 കൊവിഡ് ടെസ്റ്റുകൾ ദിവസവും നടത്തുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്കായി 821 ആശുപത്രികളും രോഗികൾക്കും രോഗലക്ഷണമുള്ളവർക്കുമായി 7,569 ക്വാറൻ്റീൻ കേന്ദ്രങ്ങളും സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.  

content highlights: 13 states, Union Territories report no new Covid-19 cases in the past 24 hours