152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി

flight from Riyadh with expats reached in Kerala

റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങൾ അടക്കം 152 പേരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തിയത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും സംഘത്തിലുണ്ട്. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേർ കുട്ടികളുമാണ്. ഇതിൽ 23 ഗർഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്.

വിസിറ്റിങ് വിസയില്‍ വന്ന് കുടുങ്ങി കിടക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ട് ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍ എന്നീ യാത്രക്കാരും ഉണ്ടായിരുന്നു. റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൊവിഡ്–19 തെർമൽ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള കൊവിഡ് പരിശോധനകൾ റിയാദ് യാത്രക്കാരിൽ നടത്തിയിട്ടില്ല. റിയാദിന് പുറമെ അൽ ഹസ്സ, ദവാദ്മി, അൽ ഖസീം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്.

എയ്റോ ബ്രിഡ്ജില്‍വെച്ച് യാത്രക്കാരെ തെര്‍മ്മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിന് ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികിത്സയ്ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെൻ്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.

content highlights: flight from Riyadh with expats reached in Kerala