നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍

കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണില്‍ സിമന്റ് വില വര്‍ദ്ധിപ്പിച്ചത് കമ്പനികളാണ്, അതല്ല നിര്‍മ്മാണ കമ്പനികളാണെന്നുമുള്ള പരസ്പര ആരോപണം നിലനില്‍ക്കുമ്പോഴും കമ്പോളത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നുമില്ല. അതിനിടെ വ്യാപാരികളാണ് വില വര്‍ദ്ധിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് ഇടയാവുകയും ചെയ്തു.

ലോക്ക്ഡൗണിന് മുമ്പ് സിമന്റിന് 395 മുതല്‍ 425 രൂപ വരെയാണ് കമ്പനികള്‍ നിശ്ചയിച്ച വില. 50 രൂപ വരെ വിലക്കിഴിവും നല്‍കിയിരുന്നു. സിമന്റ് വില്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ സിമന്റ് കമ്പനികള്‍ വിലക്കിഴിവ് പിന്‍വലിച്ചു. ഡീലര്‍ക്കുള്ള വില്പന വിലയില്‍ 10 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതുമൂലം ഡീലര്‍മാര്‍ക്കു സിമന്റ് ലഭിക്കുന്നത് 435 രൂപയ്ക്കാണ്. കയറ്റിറക്ക് കൂലി, പ്രളയ സെസ്, ലാഭം, ജി.എസ്.ടി എന്നിവ ചേര്‍ക്കുമ്പോള്‍ വില പിന്നെയും വര്‍ദ്ധിക്കും.

സിമന്റിന് സമാനമായി ജില്ലിക്കും കമ്പിക്കും വിലകൂടിയിട്ടുണ്ട്. നേരത്തെ ഉള്ളതിനേക്കാള്‍ അടിക്ക് 10ഉം 15ഉം രൂപ കൂട്ടിയാണ് ജില്ല വില്‍ക്കുന്നത്. ഒരടി ജില്ലിക്ക് 55 രൂപവരെ വില വാങ്ങുന്നവരുണ്ട്. ചുരുക്കത്തില്‍ കൊവിഡിന് മുമ്പ് കെട്ടിടം പണിയാന്‍ തുടങ്ങിയവര്‍ അവരുടെ എസ്റ്റിമേറ്റിന്റെ 15 ശതമാനമെങ്കിലും അധികം കാണേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

Content Highlight: Price hike of construction materials in lock down affects the workers