മഹാരാഷ്ട്രയില്‍ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ്; മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും കൊവിഡ് വ്യാപിക്കുന്നു

Maharashtra covid cases

മഹാരാഷ്ട്രയില്‍ ഇതുവരെ 714 പോലീസുദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 648 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് അഞ്ചു പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്.  

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിൽ 26 ഉദ്യോഗസ്ഥര്‍ ഉൾപ്പടെ 77 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആള്‍ക്കാണ് ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. ജയിലില്‍ 60 വയസ്സിന് മുകളിലുള്ള തടവുകാരില്‍ അസുഖമുള്ളവര്‍ കൂടുതലാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ജയിലിലെ കൊവിഡ് വ്യാപനം എത്രയും പെട്ടെന്ന് തയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 1,089 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000 കടന്നു. മരണസംഖ്യ 700 കടന്നു. മുംബൈയില്‍ മാത്രം 748 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ധാരാവിയില്‍ വെള്ളിയാഴ്ച അഞ്ചുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി. 

content highlights: Maharashtra covid cases