ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. പക്ഷെ ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെപ്പോലെ അതിഗുരുതര സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സാഹചര്യം മെച്ചപ്പെട്ടു. മരണ നിരക്ക് 3.3 ശതമാനത്തില്‍ത്തന്നെ തുടരുകയാണ്. രോഗമുക്തരാകുന്നവരുടെ നിരക്ക് 29.9 ശതമാനത്തിലെത്തി. ഇതെല്ലാം നല്ല സൂചനകളാണ്. കൊവിഡ് രോഗികള്‍ക്കു മാത്രമായി 843 ആശുപത്രികള്‍ തയ്യാറാക്കിയിട്ടുണ്ട്. 1,65,991 കിടക്കകള്‍ ഇവിടെയുണ്ട്. രാജ്യത്ത് 1,991 ആരോഗ്യകേന്ദ്രങ്ങളിലായി 1,35,643 കിടക്കകളും ഒരുക്കിയിട്ടുണ്ട്. 7,645 ക്വാറൻ്റീൻ കേന്ദ്രങ്ങളും രാജ്യത്തുണ്ട്. 69 ലക്ഷം എന്‍-95 മാസ്കുകളും 32.76 ലക്ഷം പിപിഇ കിറ്റുകളും കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. നിലവില്‍ 453 കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളും രാജ്യത്തുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
0.38 ശതമാനം രോഗികള്‍ മാത്രമാണ് വെൻ്റിലേറ്ററില്‍ ഉള്ളത്. 1.88 ശതമാനത്തിന് മാത്രമാണ് ഓക്സിജൻ്റെ സഹായം ആവശ്യമായി വരുന്നതെന്നും 2.21 ശതമാനം പേരാണ് ഐസിയുവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
content highlights: “Prepared For Worst” In Fight Against Coronavirus, Says Health Minister