സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം; വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി. പാസ് അനുവദിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി, നിലവില്‍ പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ഇതൊരു കീഴ്‌വഴക്കമായി കാണരുതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാവണം. നടപടിക്രമങ്ങളുമായി സഹകരക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നാട്ടിലേക്ക് മടങ്ങാന്‍ പാസ് എടുക്കുന്നത് വിവേകത്തോടെയുള്ള തീരുമാനമാണ്. നിലവില്‍ ആരെങ്കിലും ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവിടും. ആര്‍ക്കും സര്‍ക്കാര്‍ എതിരല്ല. കോയമ്പത്തൂരിലുള്ള ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി തിരിച്ചെത്തിക്കണം. പാസ് ഇല്ലാതെ വരുന്നവര്‍ ഇതൊരു അവസരമായി കാണരുത്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. വിദ്യാര്‍ത്ഥികളും പ്രായമായവരും ഗര്‍ഭിണികളുമടക്കമുള്ള നിരവധിയാളുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 500 പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതൊന്നും നടന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച വരുത്താന്‍ തയ്യാറല്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. പഞ്ചായത്തുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കളക്ടര്‍ പാസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കു. സുരക്ഷാ മുന്‍കരുതലുകളോടെ ആളുകളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടി പാസ് അനുവദിക്കാന്‍ തീരുമാനിച്ചത്. ചെക്ക് പോസ്റ്റുകളില്‍ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറാണ് വാളയാറില്‍ ഉള്ളത്. നിലവില്‍ അത് പത്താക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ പാസില്ലാതെ ആളുകള്‍ കൂട്ടത്തോടെ വന്നാല്‍ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു. റെഡ് സോണില്‍ നിന്നാണോ വരുന്നതെന്ന് മനസ്സിലാക്കാന്‍ വേണ്ടി കൂടിയാണ് പാസ് നല്‍കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Content Highlight: High Court ordered for an immediate pass for those who locked in Valayar Check post