പ്രവാസികളെയും വഹിച്ചുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. കപ്പലിൽ 698 യാത്രക്കാരാണുള്ളത്. ഇതിൽ 440 പേർ മലയാളികളാണ്. 595 പുരുഷന്‍മാരും 103 സ്ത്രീകളും 19 ഗര്‍ഭിണികളും 14 കുട്ടികളുമാണ് കപ്പലിൽ ഉള്ളത്. കൊച്ചി തീരത്തെത്തിയ ജലാശ്വയെ നാവികസേനയുടെ ഹെലികോപ്ടറിൻ്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോര്‍ട്ടിലേക്ക് എത്തിച്ചത്. ലോക്ഡൗണിൽപെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷൻ സമുദ്രസേതുവിലെ ആദ്യ ദൗത്യമാണിത്.
വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗര്‍ അടുത്ത ദിവസം ദ്വീപിലെത്തും. തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. കപ്പലിലെ 698 പേരില്‍ 630 പേര്‍ക്കും കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന.
കൊച്ചിയിലെത്തുമ്പോൾ ആർക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്കു മാറ്റും. പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവർക്ക് വീട്ടിലേക്കു പോകാൻ കാബിൻ തിരിച്ച 40 കാറുകൾ സജ്ജമാണ്. ഇവർക്ക് പൊലീസ് അകമ്പടി ഉണ്ടാവും. മറ്റുള്ളവർക്കായി 40 കെഎസ്ആർടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്.
content highlights: Navy ship carrying 698 stranded from the Maldives arrives in Kochi