സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോടുള്ള 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ ചെന്നെെയിൽ നിന്ന് വന്നതാണ്. മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസം വന്നതാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
489 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 27 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല.
1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കൊവിഡ് കെയര്‍ സെൻ്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 37,858 വ്യക്തികളുടെ ഓഗ്‌മെൻ്റഡ് സാംപിള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതുകൂടാതെ സെൻ്റിനല്‍ സര്‍വൈലന്‍സിൻ്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3,842 സാംപിളുകള്‍ ശേഖരിച്ചതില്‍ 3,791 സാംപിളുകള്‍ നെഗറ്റീവ് ആയി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് പുതുതായി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിൽ ഉള്ളത്.
content highlights: 7 more confirmed covid cases in Kerala