രാജ്യത്ത് ഒറ്റ ദിവസം നാലായിരത്തിലധികം കേസുകള്‍; ആശങ്ക; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണത്തില്‍ 6.9 ശതമാനം വളര്‍ച്ചയാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. 4308 കേസുകളാണ് ഞായറാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് 4000ത്തിലധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം 1943 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈ നഗരത്തില്‍ മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 875 കേസുകളാണ്. കൂടാതെ വലിയ തോതില്‍ രോഗം പരക്കുന്ന തമിഴ്‌നാട്ടില്‍ 669 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 398 കേസുകളും ഡല്‍ഹിയില്‍ 381 കേസുകളുമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വലിയ തോതില്‍ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയ കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ മൊത്തം 321 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

മഹാരാഷ്ട്രയ്ക്കു ശേഷം കൊവിഡ്-19 കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തിയ തമിഴ്‌നാട് രോഗബാധയുട കാര്യത്തില്‍ രാജ്യത്ത് തന്നെ മൂന്നാമതാണ്. ഇതോടെ ഡല്‍ഹി നാലാം സ്ഥാനത്തായി. ഞായറാഴ്ച ദിവസം 381 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനത്ത് രോഗികളുടെ എണ്ണം 6923 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ അഞ്ച് പേരാണ് സംസ്ഥാനത്ത് മരിച്ചത്. 1943 പോസിറ്റീവ് കേസുകളും 53 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് കണക്കുകളില്‍ മുന്നില്‍. 508 മരണങ്ങള്‍ നടക്കുകയും 13739 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത മുംബൈയാണ് രാജ്യത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരം.

അതേസമയം, രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുഖ്യമന്ത്രിമാരുമായി സുപ്രധാന ചര്‍ച്ച നടത്തും. രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കിലും രോഗബാധികരുടെ എണ്ണത്തില്‍ കുറവില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേരളവും ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അടക്കം രോഗം നിയന്ത്രിക്കുന്നതില്‍ വിജയിച്ചെങ്കിലും മുംബൈയും ഡല്‍ഹിയും അടക്കമുള്ള വന്‍ നഗരങ്ങളില്‍ രോഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: India reports 4000 more cases in a day makes concerns over the Country