ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ അധികാരം നൽകണം;  പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി

Kerala CM Pinarayi Vijayan video conference with PM Modi

കൊവിഡ് ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

ട്രെയിനുകളില്‍ നിയന്ത്രണം വേണം. കേരളത്തിൻ്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാവു. ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഓരോ പ്രദേശത്തേയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വാഹനങ്ങൾ അനുവദിക്കുന്നതിനും ഇളവുകള്‍ നല്‍കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം. 

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണം. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറൻ്റീനിലാക്കാന്‍ അനുമതി വേണം. ആഭ്യന്തര വിമാനസര്‍വീസുകള്‍ നിയന്ത്രിതമായി തുടങ്ങാം. പ്രവാസികള്‍ വിമാനങ്ങളില്‍ കയറും മുന്‍പ് കൊവിഡ് ആൻ്റിബോഡി ടെസ്റ്റ് നിര്‍ബന്ധമാക്കണം. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള സഹായ പദ്ധതികള്‍ പെട്ടെന്ന് തന്നെ സർക്കാർ പ്രഖ്യാപിക്കണം. ഫെഡറലിസത്തിൻ്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

content highlights: Kerala CM Pinarayi Vijayan video conference with PM Modi