തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കുള്ള സാധ്യത പരിശോധിച്ച് ബെവ്‌കോ. ഓണ്‍ലൈന്‍ ടോക്കണ്‍ രീതിയോ വെര്‍ച്വല്‍ ക്യൂ മാതൃകയോ നടപ്പാക്കുന്നതിനായി മികച്ച സോഫ്‌റ്റ്വെയര്‍ കമ്പനിയെ കണ്ടെത്താനാണ് ശ്രമം. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ തിരക്കിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇതിനായി മികച്ച ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് ബെവ്‌കോ എം.ഡി. ജി. സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കി. എല്ലാ ബിവറേജസ് ഔട്ട് ലെറ്റുകളുടേയും വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പിന്‍കോഡ് അനുസരിച്ചാകും ബിവ്‌റേജസ് ഷോപ്പുകള്‍ ആപ്പില്‍ കാണിക്കുക. എസ്എംഎസ് വഴിയാകും തുടര്‍ നടപടികള്‍.
ഒരാള്‍ ഒരിക്കല്‍ മദ്യം ബുക്ക് ചെയ്താല്‍ പിന്നീട് അഞ്ച് ദിവസം കഴിഞ്ഞേ ബുക്കിങ്ങ് അനുവദിക്കാവു എന്നതാണ് ബെവ്‌കോ മുന്നോട്ട് വെച്ച് പ്രധാന നിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സംവിധാനം ആലോചിക്കുന്നത്.
അതേസമയം, കള്ള്ഷാപ്പിലെ പാഴ്‌സല്‍ സംവിധാനത്തില്‍ ചട്ടഭേദഗതി വേണ്ടെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വെയ്ക്കാന്‍ അബ്ക്കാരി ചട്ടത്തില്‍ ഒന്നര ലിറ്ററാണ് കണക്കാക്കിയിട്ടുള്ളത്. കള്ള് ഷാപ്പുകളില്‍ നിന്നു മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നിരിക്കെ ഇക്കാര്യത്തില്‍ ഭേദഗതി വേണ്ടെന്നായിരുന്നു നിയമോപദേശം. മദ്യശാലകള്‍ തുറന്നാല്‍ ആള്‍ക്കാര്‍ കൂട്ടം കൂടാന്‍ ഇടയുണ്ടെന്നും ഇത് കോവിഡിന്റെ സാമൂഹ്യവ്യാപനത്തിന് കാരണമാകുമെന്ന് നേരത്തേ വിലയിരുത്തിയിരുന്നു.
Content Highlight: Kerala trying to start online purchase of Alcohol