തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ട്രെയിൻ, വിമാന സര്‍വീസുകൾ ഈ മാസം തുടങ്ങരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫന്‍സിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യം ഉന്നയിച്ചത്. മെയ് 31 വരെയെങ്കിലും സംസ്ഥാനത്തേക്ക് ഈ സര്‍വീസുകള്‍ നടത്തേണ്ടതില്ല എന്നാണ് തമിഴ്‌നാടിൻ്റെ തീരുമാനം. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാന സർക്കാരും എതിർത്തു. പഞ്ചാബ്, ബിഹാർ മുഖ്യമന്ത്രിമാർ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും മറ്റുള്ളവരെയും അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതു പ്രധാന വിഷയമായി ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. 17നു ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയായി. കൊവിഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായം ആരും തേടിയില്ല. ചില സംസ്ഥാനങ്ങളോട് മാത്രമാണ് കേന്ദ്രത്തിനു താൽപര്യം. മമത പറഞ്ഞു.
കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചർച്ചയാണിത്. നേരത്തേതിൽ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമുണ്ടായിരുന്നു.
content highlights: PM Narendra Modi’s video conference with CMs