വന്ദേഭാരത് ദൗത്യം: ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തില്‍ എത്തുന്നത് രണ്ട് വിമാനങ്ങള്‍

ദുബായ്: കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്ര തിരിക്കും. ബഹ്റൈനില്‍നിന്നുള്ള രണ്ടാം വിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാകുക. പ്രാദേശിക സമയം വൈകീട്ട് 4.30-നാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുക. ഇന്ത്യന്‍ സമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.

ആദ്യഘട്ടത്തില്‍ ബഹ്റൈനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 13,000-ത്തിലധികം പേരാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബായില്‍നിന്ന് കണ്ണൂരിലേക്ക് വിമാന സര്‍വീസുണ്ട്.

ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും. എല്ലാ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്.

Content Highlight: Two Flights from Gulf Countries land today in Kerala

LEAVE A REPLY

Please enter your comment!
Please enter your name here