ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തില്‍ വീടുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചെറിയ രോഗ ലക്ഷണങ്ങളുള്ളവരും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഐസലേഷനില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചിട്ടുള്ളത്. വീട്ടില്‍തന്നെ പൂര്‍ണമായും ഐസലേഷനില്‍ കഴിയുന്നതിനുള്ള സൗകര്യം വേണം, കൂടാതെ കുടുംബത്തെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ആവശ്യമാണ്.
24 മണിക്കൂറും ഐസലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി ഒരാള്‍ ഉണ്ടായിരിക്കണം. സഹായിയും ആശുപത്രിയും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഹോം ഐസലേഷന്‍ സമയത്തു മുഴുവന്‍ പാലിക്കണം. സഹായിയും സമ്പര്‍ക്കത്തില്‍ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കണം. ആരോഗ്യ സേതു ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സര്‍വയലന്‍സ് ഓഫിസറെ അറിയിക്കണം.
ഐസലേഷനിലുള്ള ആള്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. ഐസലേഷനിലുള്ള ആള്‍ക്ക് പത്ത് ദിവസമായി പനിയില്ലെന്ന് ഉറപ്പുവരുത്തണം. 17 ദിവസത്തിനു ശേഷമായിരിക്കും ഹോം ഐസലേഷന്‍ പിന്‍വലിക്കുക. ഹോം ഐസലേഷന്‍ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Content Highlight: Union Health Ministry published revised guidelines for Home quarantined patients