കൊവിഡ് വാക്സിൻ്റെ ഗവേഷണവിവരം ചോര്‍ത്താന്‍ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി യുഎസ്

Chinese Hackers Trying To Steal COVID-19 Vaccine Work Data: US Experts

കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിൻ്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സൈബർ സുരക്ഷാ വിദ​ഗ്‍ദ്ധരുമാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനെ സംബന്ധിച്ച് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പൊതു-സ്വകാര്യ മേഖലാസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് എഫ്ബിഐയും ആഭ്യന്തരസുരക്ഷാവിഭാഗവുമെന്ന് പ്രമുഖ ദിനപ്പത്രങ്ങളായ വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഹാക്കര്‍മാര്‍ക്കെതിരെയുള്ള ഔദ്യോഗിക മുന്നറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. 

കൊവിഡ് 19 നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം, വാക്‌സിൻ്റെ പൂര്‍ണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ചൈനാ ഗവണ്‍മെൻ്റിൻ്റെ അറിവോടെയാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു.

എന്നാല്‍ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും ചൈന ശക്തമായി നിഷേധിച്ചു. കൊവിഡിന് എതിരെയുള്ള വാക്‌സിന്‍ വികസനത്തിലും കൊവിഡ് ചികിത്സയിലും ചൈന ബഹുദൂരം മുന്നിലാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ അറിയിച്ചു. 

content highlights: Chinese Hackers Trying To Steal COVID-19 Vaccine Work Data: US Experts