കൊവിഡ് ഭീതി: മഹാരാഷ്ട്രയില്‍ അമ്പത് ശതമാനം തടവുകാര്‍ക്ക് ജാമ്യം അനുവദിക്കാന്‍ നിര്‍ദ്ദേശം

മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയുന്ന 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നതിനിടയിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി തടവുകാര്‍ക്ക് ജാമ്യം അനുവദിക്കാനുള്ള നിര്‍ദ്ദേശം. തടവുകാര്‍ക്ക് താല്‍കാലിക ജാമ്യമോ, പരോള്‍ നല്‍കുന്നതിനോ ആണ് നിര്‍ദ്ദേശം.

മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഏത് തരം തടവുകാരെ വിട്ടയക്കണമെന്നോ വിട്ടയക്കുന്നതിനുള്ള സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. 35,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഇതില്‍ പകുതി പേര്‍ക്ക് പുറത്തുകടക്കാം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ താത്കാലിക ജാമ്യത്തിന് യോഗ്യരായ തടവുകാര്‍ ബന്ധപ്പെട്ട കോടതികളെ സമീപിച്ച് ഉത്തരവ് നേടേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ പറഞ്ഞു. ജയില്‍ അധികൃതര്‍ തടവുകാരെ വിട്ടയക്കുന്നതിന് മുമ്പ് നിയപരമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: Maharashtra Government decided to release 50% prisoners amid Covid scares

LEAVE A REPLY

Please enter your comment!
Please enter your name here