എയർ ഇന്ത്യയുടെ പ്രത്യേക ആഭ്യന്തര സർവീസുകൾ മെയ് 19 മുതൽ

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നു. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയായിരിക്കും ആദ്യഘട്ട സര്‍വീസ് നടത്തുക. ഇതിനായുള്ള ഷെഡ്യൂള്‍ തയ്യാറായി. മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. 

ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് 173 സർവീസുകളും മുംബൈയില്‍ നിന്ന് 40ഉം ഹൈദരാബാദില്‍ നിന്ന് 25ഉം കൊച്ചിയില്‍ നിന്ന് 12ഉം സര്‍വീസുകള്‍ ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ബുക്കിങ് ആരംഭിക്കും എന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പിനികള്‍ക്കും മെയ് 19 മുതല്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയേക്കും.

content highlights: Air India to operate special domestic flights to several Indian cities from May 19