സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വാക്യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. ഒരാള്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാല്‍ അതിനെതിരേ പോലീസിനെ സമീപിക്കാതെ അതേരീതിയില്‍ പ്രതികരിക്കുന്ന രീതിയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്ളത്. ഇതിലൂടെ നിയമവാഴ്ച്ചയാണ് തകരുന്നതെന്ന് വിലയിരുത്തികൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം.

സാമൂഹിക മാധ്യമത്തിലൂടെ അശ്ലീലമായ അഭിപ്രായപ്രകടനം നടത്തിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്ത സംഭവത്തില്‍ പത്തനംതിട്ട സ്വദേശിനിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

നിലവിലെ നിയമത്തിനുള്ളില്‍നിന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാകുമെന്നും പോലീസ് ഈ വിഷയത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയച്ചുകൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: High Court seeks legislation to stop social media clashes