കൊവിഡ് പ്രതിരോധം: 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്; ലോക്ക്ഡൗണ്‍ 4.0 വ്യത്യസ്തമായിരിക്കുമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, ഇടത്തരക്കാര്‍,തൊഴിലാളികള്‍, മധ്യവര്‍ഗം എന്നിവര്‍ക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ ധനവകുപ്പ് പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് അഞ്ചാം തവണയാണ് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കൂടാതെ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കും കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍. ഇതുവരെയുള്ള ലോക്ക്ഡൗണുകളില്‍ നിന്നു വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇതേ കുറിച്ച് മേയ് 18 നു മുന്‍പ് ജനങ്ങളെ അറിയിക്കും. ലോക്ക്ഡൗണ്‍ 4.0 ഇതുവരെയുള്ള ലോക്ക്ഡൗണുകളില്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: PM Narendra Modi declares 20 lakh crore Economic Stimulus Package for Covid Survival