തിരുവനന്തപുരം: ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ദ്ദേശത്തിന്റെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ചെത്ത് തൊഴിലാളികളുടെ തൊഴില്‍ പരിഗണിച്ചാണ് കള്ളുഷാപ്പുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഷാപ്പുകള്‍ തുറക്കാനുള്ള അനുമതി. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ കള്ളുഷാപ്പുകളില്‍ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാന്‍ അനുമതി നല്‍കും.
അതേസമയം, മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കെയ്സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കെയ്സിന് 400 രൂപയില്‍ താഴെയാണെങ്കില്‍ പത്ത് ശതമാനം നികുതിയാവും ഏര്‍പ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അന്‍പത് രൂപ വരെ വര്‍ധിക്കാനാണ് സാധ്യത.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Toddy shops in Kerala open from Today, Cabinet meeting today