വാളയാറിലെത്തിയ ആൾക്ക് കൊവിഡ്; പ്രതിഷേധം നടത്തിയ മൂന്ന് കോൺഗ്രസ് എംപിമാരും രണ്ട് എംഎൽഎമാരും ക്വാറൻ്റീനിൽ പോകണം

Five congress leaders must go to Quarantine 

വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടെ പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ക്വാറൻ്റീനിൽ പോകാൻ നിർദ്ദേശം. വി.കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്‍ എന്നീ എംപിമാരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോടുമാണ് ക്വാറൻ്റീനില്‍ പോകാന്‍ നിർദ്ദേശിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ഇവർ വാളയാർ അതിർത്തിയിൽ പ്രതിഷേധം നടത്തിയത്. 

ഇവരെ കൂടാതെ അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരോട് 14 ദിവസം ക്വാറൻ്റീനില്‍ പോകണമെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. അഞ്ച് ഡിവൈഎസ്പിമാരും കോയമ്പത്തൂര്‍ ആര്‍ഡിഒയും അടക്കം നാനൂറോളം പേര്‍ ക്വാറൻ്റീനിലാണ്. അമ്പത് മാധ്യമപ്രവര്‍ത്തകരും 100 പൊലീസുകാരും ഇതില്‍ ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചാണ് തങ്ങള്‍ വാളയാര്‍ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിൻ്റെ രാഷ്ട്രീയ പക പോക്കലാണ് ഇതെന്നുമാണ് കോൺഗ്രസ് വിമർശിക്കുന്നത്.

കേരളത്തിൽ നിന്നുമുള്ള യാത്രാപാസ് ഇല്ലാതെ ചെന്നൈയിൽ നിന്നു വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും അദ്ദേഹം വാളയാർ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരുമാണ് ക്വാറൻ്റീനില്‍ പോകേണ്ടത്.

content highlights: Five congress leaders must go to Quarantine