കേരളത്തിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്സെെസ് വകുപ്പ് മന്ത്രി

Kerala decides to open beverage shops

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി അറിയിച്ചു.

ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. തിരക്ക് കുറയ്ക്കാനാണ് ഈ നടപടി. ബെവ്‌കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്ന് മദ്യം ലഭിക്കും. ബാറില്‍ പാഴ്‌സലിന് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്‌സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗ തീരുമാനത്തിന് പിന്നാലെ ഇന്നലെ പുതുക്കിയ വില ബിവറേജസ്  കോര്‍പറേഷന്‍ പുറത്തുവിട്ടിരുന്നു. വിദേശ മദ്യത്തിന് 35 ശതമാനം നികുതിയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

content highlights: Kerala decides to open beverage shops