പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറൻ്റീൻ നിർബന്ധം; കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

Central government rejected Kerala's proposal of 7 days institutional quarantine for expats

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റീൻ എന്ന നിർദേശത്തിൽ ഇളവു വേണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലം കേന്ദ്രം ഹെെക്കോടതിയിൽ സമർപ്പിച്ചു.

പ്രവാസികള്‍ക്ക്‌ 7 ദിവസം സര്‍ക്കാര്‍ ക്വാറൻ്റീനും ഏഴ് ദിവസം ഹോം ക്വാറൻ്റീനും എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിൻ്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് കേന്ദ്രം എതിർത്തത്. കേരളത്തിൻ്റെ ഈ നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്ന് കോടതിയെ അറിയിച്ചത്. 

ഗൾഫിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിച്ച പ്രവാസികളുടെ ഏഴു ദിവസത്തെ ക്വാറൻ്റീൻ നാളെ പൂർത്തിയാകാനിരിക്കെയാണ് ഇന്ന് അടിയന്തരമായി കേസ് ഹൈക്കോടതി പരിഗണിച്ചത്. കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ രാജ്യത്ത് കൊവിഡ് 19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര നിലപാട്. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

content highlights: Central government rejected Kerala’s proposal of 7 days institutional quarantine for expats