വയനാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തും എത്തി. കോട്ടയം വയലയിലെ ബന്ധുവീട്ടിലാണ് പൊലീസുകാരന് എത്തിയത്. രണ്ടു ബന്ധുക്കളെ ക്വാറൻ്റീനിലാക്കി. ഇതിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ്.
കഴിഞ്ഞ 10ാം തിയ്യതിയാണ് പാസ് മുഖേന പൊലീസുകാരന് കോട്ടയത്തെത്തിയത്. ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം ജില്ലാ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരുന്നുണ്ട്. രണ്ടു ദിവസം മുമ്പാണ് വയനാട്ടിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കൂടാതെ രണ്ട് പൊലീസുകാർക്കും വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വയനാട്ടില്‍ കൂടുതല്‍ പൊലീസുകാരുടെ പരിശോധനാ ഫലം ഇന്നുവരും. ഇതുവരെ ജില്ലയിൽ നിന്നും 339 പൊലീസുകാരുടെ സാംപിളാണ് അയച്ചത്. ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
content highlights: Covid confirmed police officer of Wayanad reached Kottayam