കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ടുകളെ ഇറക്കി ജയ്പൂരിലെ ഒരു സ്വകാര്യ കമ്പനി. ക്ലബ് ഫസ്റ്റ് എന്നു പേരായ സ്വകാര്യ കമ്പനിയാണ് ആളുകളുടെ താപനില പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെ ഇറക്കിയിരിക്കുന്നത്. ഒരാള്‍ മാസ്‌ക് വെച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനും ഈ റോബോട്ടുകള്‍ക്കാവുമെന്നാണ് കമ്പനി എം.ഡി ഭുവനേഷ് മിശ്ര പറയുന്നത്.
നേരത്തെ ബംഗളൂരുവിലെ ആശുപത്രികളില്‍ കൊവിഡ് രോഗലക്ഷണമുള്ളവരെ പരിശോധിക്കാന്‍ മിത്ര റോബട്ടുകളെ നിയോഗിച്ചിരുന്നു. സ്പീച്ച് റെക്കഗിനിഷന്‍ ടെക്‌നോളജി ഉള്ള ഈ റോബോട്ടുകള്‍ക്ക് മനുഷ്യരുമായി ഇടപെടാനും പറ്റും. ഈ റോബോട്ടുകള്‍ ആദ്യം ജനങ്ങളുടെ താപനില പരിശോധിക്കുന്നു. തുടര്‍ന്ന് പനി, ജലദോഷം എന്നിവയുണ്ടോ എന്ന് ചോദിക്കുന്നു. പിന്നീട് രോഗിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാൽ റോബോട്ടുകൾ എന്‍ട്രി പാസ് നല്‍കും. പാസിൽ രോഗിയുടെ പേര് ഉൾപ്പടെ സ്ക്രീനിങ് ഫലങ്ങൾ ഉണ്ടാവും. തമിഴ്‌നാട്ടില്‍ തിരുച്ചിറപള്ളിയിലെ ഒരു സ്വകാര്യ കമ്പനി 10 ഹ്യുമനോയ്ഡ് റോബോട്ടുകളെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംഭാവന നല്‍കിയിരുന്നു.
content highlights: From thermal screening to mask identification: Robots by Jaipur company set to ease work for COVID-19 warriors