സാമ്പത്തിക പാക്കേജ്: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം; വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്‌കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരികയെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികളും നിര്‍മ്മല സീതാരമന്‍ അവതരിപ്പിച്ചു. പ്രതിരോധ നിര്‍മാണ മേഖലയില്‍ നിലവിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. ഇത് 79 ശതമാനമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വിദേശത്തുള്ള കമ്പനികള്‍ക്ക് പരമാവധി 79 ശതമാനം വരെ ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ നിക്ഷേപം ഇറക്കാമെന്ന് മന്ത്രി വിശദീകരിച്ചു. മാത്രമല്ല, ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, ഇന്ത്യയില്‍ വ്യോമ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാവും. ഇതിലൂടെ വിമാനങ്ങള്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനാവും. 1000 കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതല്‍ വിമാനങ്ങളും വരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം 12 വിമാനത്താവളങ്ങളില്‍ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തും. വിമാനക്കമ്ബനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരവും നടത്തും.

Content Highlight: Nirmala Sitaraman declares fourth phase of mega Covid package

LEAVE A REPLY

Please enter your comment!
Please enter your name here