ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാധാരണ ജനങ്ങള്‍ക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നല്‍കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് പണമാണ്, വായ്പയല്ല. സര്‍ക്കാര്‍ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

കൊറോണയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് പണമാണ് ആവശ്യം. നേരിട്ടുള്ള പണക്കൈമാറ്റത്തെ കുറിച്ച് മോദിജി ചിന്തിക്കണം. തൊഴിലുറപ്പ് പദ്ധതി 200 ദിനമാക്കണം. കര്‍ഷകര്‍ക്ക് പണം നല്‍കണം. കാരണം അവര്‍ ഇന്ത്യയുടെ ഭാവിയാണെന്ന് രാഹുല്‍ പറഞ്ഞു.

സ്വന്തം നാടുകളിലേക്ക് കാല്‍നടയായി പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടത് പണമാണ്, വായ്പയല്ല. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും വേണ്ടത് പണമാണ്, വായ്പയല്ല. ഇപ്പോഴിത് ചെയ്തില്ലെങ്കില്‍, അതൊരു മഹാ ദുരന്തമായി മാറും. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും 7,500 രൂപ വീതമെങ്കിലും അവരുടെ അക്കൗണ്ടില്‍ എത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെ വേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണം ഇളവുകള്‍ നല്‍കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

Content Highlight: Rahul Gandhi against Center on Economic Stimulus Package during Covid 19

LEAVE A REPLY

Please enter your comment!
Please enter your name here