പൊതു ഇടങ്ങളില്‍ അണുനാശിനി തളിച്ച് കൊവിഡ് വൈറസിനെ അകറ്റാനാകില്ല: ലോകാരോഗ്യ സംഘടന

ജനീവ: പൊതു സ്ഥലങ്ങളിലും റോഡുകളിലും കെട്ടിടങ്ങളിലും മറ്റും അണുനാശിനി തളിക്കുന്നതോ പുകയ്ക്കുന്നതോ കൊവിഡ് വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഇവിടങ്ങളില്‍ കുമിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കും. മാത്രമല്ല, മനുഷ്യന്റെയും മറ്റു ജീവികളുടെയും ആരോഗ്യത്തിനും ഇത് ഹാനികരമാണെന്നും ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പു നല്‍കുന്നു.

പൊതു ഇടങ്ങള്‍ രോഗാണുക്കളുടെ സംഭരണ ശാലകളാണെന്ന ധാരണ തെറ്റാണ്. എല്ലാ പ്രതലത്തിലും ഒരേ അളവില്‍ അണുനാശിനി തളിക്കുക പ്രായോഗികമല്ല. രോഗാണുക്കള്‍ നിഷ്‌ക്രിയമാകാനെടുക്കുന്ന സമയം വരെ അണുനാശിനിയുടെ ഫലം നിലനില്‍ക്കാനുള്ള സാധ്യത കുറവുമാണ്. വൈറസ് ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളില്‍ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ലെന്നും ലോകാരോഗ്യ സ്ംഘടന പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

അണുനാശിനിയായി ഉപയോഗിക്കുന്ന ക്ലോറിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നീ ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനും ഇടയാക്കും. തുണി ഉപയോഗിച്ചോ മറ്റോ അണുനാശിനി പുരട്ടുന്നതാണ് കുറച്ചുകൂടി ഫലപ്രദമെന്നും ഡബ്ല്യു എച്ച് ഒ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlight: Disinfectant spraying in open spaces doesn’t kills Corona Virus