അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ക്ലാസിലും ഓരോ ചാനല്‍; തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാന ഘട്ട പ്രഖ്യാപനത്തില്‍, രാജ്യം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി നിര്‍മല സിതാരാമന്‍. പ്രതിസന്ധികളെ അവസരമാക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. ഏഴ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് അവസാന ഘട്ട പാക്കേജ്.

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമി, തൊഴില്‍, നിയമം, പണം എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ പ്രഖ്യാപനങ്ങളെന്നും അവര്‍ പറഞ്ഞു. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കിയെന്ന് ധനമന്ത്രി പറഞ്ഞു. 16,000 കോടിയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്. ലോക്ക് ഡൗണ്‍ കാലത്തും ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനായി.

10,025 കോടി രൂപ ജന്‍ ധന്‍ അക്കൗണ്ടിലൂടെ കൈമാറി. 6.81 കോടി സൗജന്യ സിലിണ്ടറുകള്‍ നല്‍കി. കര്‍ഷകര്‍ക്ക് രണ്ടുമാസത്തേക്ക് അധികമായി ഭക്ഷ്യധാന്യം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങുമെന്നും സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. ഓരോ ക്ലാസിനും പ്രത്യേകം ചാനലുകളാവും ഉണ്ടാവുക. പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി പ്രകാരം ക്യു ആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്താല്‍ പാഠ പുസ്തകങ്ങള്‍ കിട്ടുന്നതടക്കമുള്ള ദിക്ഷ പദ്ധതി നിലവില്‍ വരുമെന്നും ധമന്ത്രി വ്യക്തമാക്കി.

റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പുറത്തിറക്കും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങാം. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തതായും ധനമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സലിംഗിനായി മനോദര്‍പ്പണ്‍ എന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്താക്കി. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 69000 കോടിക്ക് പുറമെയാണ് ഇത്. 300 കോടി തൊഴില്‍ ദിനങ്ങള്‍ ഇത് വഴി അധികമായി സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. കുടിയേറ്റ തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് തൊഴില്‍ കിട്ടും.

Content Highlight: Finance Minister declares the final phase of Covid package