കൊവിഡ്; പൊലീസിൻ്റെ വാഹന പരിശോധനയും പെറ്റി കേസ് അറസ്റ്റും ഒഴിവാക്കി

Police to stop vehicle checking

കൊവിഡ് പശ്ചാത്തലത്തിൽ നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊവിഡ് പശ്ചാത്തലത്തിൽ പൊലീസിനുള്ള പ്രത്യേക മാർഗനിർദേശങ്ങൾ തയാറാക്കിയത്. മാർഗനിർദേശം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.

നിത്യേനയുള്ള വാഹന പരിശോധന പാടില്ല. ജാമ്യം ലഭിക്കുന്ന കേസിൽ അറസ്റ്റ് വേണ്ട. ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ മാത്രം മതിയാവും. ഗതാഗത കുറ്റത്തിന് പിഴ നേരിട്ട് ഈടാക്കുന്നതിനു പകരം ബാങ്കിൽ അടയ്ക്കാൻ നിർദേശം നൽകും. ഓഫിസുകളിലും യൂണിറ്റുകളിലും 50 % ജീവനക്കാർ ജോലിക്കെത്തിയാൽ മതി. പൊലീസുകാർ സ്റ്റേഷനിൽ വരുന്നതിന് പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക. ഡ്യൂട്ടി കഴിഞ്ഞാൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ ഫോണിൽ അറിയിച്ചു മടങ്ങാം. പരാതിക്കാരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയോ വിഡിയോ കോൾ വഴിയോ രേഖപ്പെടുത്തണം. 

പൊലീസുകാരുടെ പരേഡ്, ക്ലാസുകൾ എന്നിവ ഒഴിവാക്കണം. സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ളവർ സംഘം ചേർന്നു വിശ്രമിക്കാൻ പാടില്ല. ജോലിക്കനുസൃതമായി പൊലീസുകാർക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണം. വീട്ടിൽ നിന്നു ഭക്ഷണവും വെള്ളവും കൊണ്ടു വരണം. വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാൻ ഉപദേശിക്കണം. കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം. രോഗമോ പനിയോ മറ്റോ വന്നാൽ ഉടൻ മേലുദ്യോഗസ്ഥരെ അറിയിക്കണം. പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും വെൽഫെയർ ഓഫിസറായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ജനമൈത്രി പൊലീസ് വീടുകളിൽ കയറരുത്. തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ.

content highlights: Police to stop vehicle checking

LEAVE A REPLY

Please enter your comment!
Please enter your name here