കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ

India Joins 61 Nations To Seek

കൊവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങൾ രംഗത്തെത്തി. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് കാലത്തെ നടപടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്നും പ്രമേയത്തിൽ പറയുന്നു. 

അംഗരാജ്യങ്ങളോടാലോചിച്ച് പടിപടിയായി സമഗ്രമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യ സംഘടന എടുത്ത കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തണമെന്നും കരട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. കൊറോണ വൈറസിൻ്റെ ഉത്ഭവത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചോ വുഹാനെക്കുറിച്ചോ പ്രമേയത്തിൽ പരാമർശമില്ല. ജപ്പാൻ, യുകെ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങൾ.

content highlights: India Joins 61 Nations To Seek “Impartial” Probe Into Coronavirus Crisis