ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലയ്ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്ക്കും അനുമതി; മാസ്‌ക് നിര്‍ബന്ധം

തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കര്‍ശനമായ നിബന്ധനകളോടെ മാത്രമേ ബസ് സര്‍വീസ് പുനരാരംഭിക്കൂ.

ഒരു ബസില്‍ പരമാവധി 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തീവ്രബാധിത മേഖലകള്‍ ഒഴിവാക്കിയായിരിക്കും ബസ് സര്‍വീസ് അനുവദിക്കുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. എന്നാല്‍, ഇരട്ടിയാക്കില്ല. ടാക്സി നിരക്ക് വര്‍ധിപ്പിക്കില്ല. ചാര്‍ജ് പരിഷ്‌കരണം എങ്ങനെയായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കും. ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ മറ്റ് ആനുകൂല്യങ്ങളും നല്‍കിയേക്കും.

ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനും അനുമതി നല്‍കും. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകും അനുമതി. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണ്. എന്നാല്‍ നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും. ഓട്ടോറിക്ഷയിലും മാസ്‌ക് നിര്‍ബന്ധമാക്കും.

Content Highlight: Lock down 4.0, bus, autorikshaw services restart with in the district