കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ ഓടി തുടങ്ങും; സര്‍വീസ് ജില്ലക്കുള്ളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങള്‍ വെച്ചത് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ്. ബസുടമകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറണം. അടിയന്തിര യാത്രകള്‍ നടത്തേണ്ടവരുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സര്‍വീസ് ആരംഭിക്കുന്നത്. കൂടുതല്‍ ആളുകള്‍ കയറാതിരിക്കാന്‍ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയപ്പോള്‍ ജനങ്ങള്‍ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങള്‍ സഹകരിക്കുമെന്ന് കരുതുന്നു. സ്വകാര്യ ബസുടമകളുമായുള്ള ചര്‍ച്ചയില്‍ നിന്നുണ്ടായ തീരുമാനം അല്ല ഇത്. സമരപ്രഖ്യാപനത്തിനു ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തുകയും സമരം അവര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പണം ഉണ്ടാക്കലല്ല, അവശ്യ യാത്രകള്‍ക്ക് സൗകര്യം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: KSRTC service restart from tomorrow in Kerala

LEAVE A REPLY

Please enter your comment!
Please enter your name here