കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാൾ ബുദ്ധിമുട്ടേറിയ സമയമാണ്. പുറത്തുനിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി.
ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികൾ കൂടുന്ന സമയത്താണ് ഈ വരവ്. മുൻപ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോൾ രോഗം പടരുന്ന സമയമാണ്. ഇന്ത്യയിൽ 13 ദിവസം കൊണ്ട് രോഗികൾ ഇരട്ടിയാകുമെന്നാണ് കണക്കുകൾ. അതുകൊണ്ട് വരും ദിവസങ്ങൾ കേരളത്തിന് നിർണ്ണായകമാണെന്നും മന്ത്രി പറഞ്ഞു.
മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐ.സി.എം.ആര് നിര്‍ദേശം ഇപ്പോള്‍ കേരളം നടപ്പിലാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൻ്റെ കൊവിഡ് പരിശോധനാ രീതി ഫലപ്രദമാണ്. ഐ.സി.എം.ആര് മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിശോധന. കേരളത്തിൽ സാമൂഹിക വ്യാപനം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഇപ്പോള്‍ ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
content highlights: Minister K.K. Shailaja warns about an increase in Kerala covid numbers