സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; പുതിയ ഹോട്ട് സ്‌പോട്ടില്ല; ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം ,തൃശൂര്‍ രണ്ട് വീതം. കാസര്‍ക്കോട്, എറണാകുളം ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 12പേര്‍ വിദേശത്തു നിന്നും വന്നവര്‍, 11പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. 666പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 161പേര്‍ ചികിത്സയിലാണ്. അഞ്ചു പേര്‍ ഇന്ന് രോഗമുക്തി നേടി.

സംസ്ഥാനം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്നും ലോക്ക് ഡൗണില്‍ ചില ഇളവുകളില്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള നാളുകളില്‍ മേഖലകള്‍ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിമാനസര്‍വ്വീസ് ആരംഭിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‌പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരും. പ്രവാസികള്‍ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവര്‍ക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: 24 new Covid cases reported in Kerala today