സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ 26 മുതല്‍; തീരുമാനം കേന്ദ്ര അനുമതിക്ക് പിന്നാലെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മാറ്റി വെച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം 26ന് തന്നെ നടത്താന്‍ തീരുമാനം. നേരത്തെ ജൂണിലേക്ക് മാറ്റി വെച്ച പരീക്ഷ, കേന്ദ്ര അനുമതിക്ക് പിന്നാലെയാണ് ഈ മാസം തന്നെ നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സോണിനു പുറത്ത് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും. ക്ലാസിനു പുറത്ത് പനി അടക്കം പരിശോധിക്കും.

കൂടാതെ, ക്ലാസുകളില്‍ സാനിറ്റൈസര്‍ ക്രമീകരിക്കുകയും, മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്യും. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്നും അന്യ സംസ്ഥാനത്തു നിന്നും ആളുകള്‍ കൂടുതലായി എത്തി തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ പരീക്ഷ മെയ് മാസം തന്നെ നടത്താനുള്ള തീരുമാനത്തെ പ്രതിപക്ഷവും അധ്യാപകരും എതിര്‍ത്തിരുന്നു. പിന്നീട് ജൂണിലേക്ക് മാറ്റാന്‍ നിശ്ചയിച്ച പരീക്ഷ കേന്ദ്ര അനുമതിയോട് കൂടി തിരികെ പുനഃസ്ഥാപിക്കുകയായിരുന്നു.

Content Highlight: SSLC, Plus Two exams in Kerala starts from May 26