24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് കോവിഡ്; ലോകത്ത് രോഗബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50,85,066 പേര്‍ക്കാണ് രോഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ 3,29,721ആയി. രോഗം ബാധിച്ച് ചികില്‍സയിലുള്ളവരില്‍ 45,802 പേരുടെ നില അതീവഗുരുതരമാണ്. ആഗോളവ്യാപകമായി 20,21,843 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.

അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. യുഎസില്‍ മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,91,991ആയി. റഷ്യയില്‍ 3,08,705 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 2,972. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 2,93,357 ആയി. മരണസംഖ്യ 18,894 ആയി ഉയര്‍ന്നു.

Content Highlight: Covid cases exceeds 1 lakh within 24 hours