കോവിഡ് ഡേറ്റാ വിശകലനത്തില്‍ നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി, ചുമതല സിഡിറ്റിന്

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ഡാറ്റ കൈാര്യം ചെയ്യാന്‍ സ്വകാര്യ സ്ഥാപനമായ സ്പ്രിങ്ക്ളറിനെ ഏല്‍പ്പിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ മാറ്റി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമ വിരുദ്ധ കരാറിലില്‍ നിന്നും സ്പ്രിങ്ക്ളറിനെ ഒഴിവാക്കി പകരം സിഡിറ്റിനാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇനി മുതല്‍ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിങ്ക്ളറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിങ്ക്ളര്‍ നശിപ്പിക്കണം. സോഫ്‌ട്വെയര്‍ അപ്ഡേഷന്‍ കരാര്‍ മാത്രമാണ് ഇനി സ്പ്രിങ്ക്ളറുമായി അവശേഷിക്കുന്നതെന്നും പിണറായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് സാധിക്കില്ല. അതിനാലാണ് സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ഡാറ്റ കൈവശം സൂക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉള്ളതായി കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം കൊറോണ വൈറസ് പ്രതിരോധ മരുന്ന് ഗവേഷണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളില്‍ ഒന്നിന് രോഗികള്‍ സംബന്ധിച്ച ഡാറ്റ സ്പ്രിങ്ക്ളറാണ് നല്‍കുന്നതെന്നും കണ്ടെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെയാണ് ഇപ്പോള്‍ സ്പ്രിങ്ക്ളറിനെ കരാറില്‍ നിന്നം ഒഴിവാക്കി തലയൂരാന്‍ ശ്രമം നടത്തുന്നത്.

സംസ്ഥാനത്തെ കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സി ഡിറ്റ് നടത്തും എന്നാണിപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ആമസോണ്‍ ക്ലൗഡിലെ സോഫ്‌ട്വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ല. അവശേഷിക്കുന്നത് സോഫ്‌ട്വെയര്‍ അപ്ഡേഷന് കരാര്‍ മാത്രമാണ്, കൈവശം ഉള്ള ഡാറ്റകള്‍ നശിപ്പിക്കാന്‍ സ്പ്രിംക്ലറിന് നിര്‍ദ്ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlight: Kerala Government removed Springler fro Covid data analysis